top of page

പന്നി വർഷം പണി തരുമോ…? എലി വർഷം എന്നു വരും…? - Chinese zodiac signs

  • Writer: De Kochi
    De Kochi
  • Jan 31, 2019
  • 2 min read

Updated: Oct 6, 2024


chinese zodiac signs, chinese rasi, chinese zodiac sign animals
Chinese zodiac signs

പന്നി വർഷം പണി തരുമോ…? Chinese zodiac signs


പരസ്പര ബന്ധമില്ലാത്ത തലക്കെട്ടിലെ വാചകങ്ങൾ കണ്ട് ആകെ ആശയക്കുഴപ്പത്തിലായോ…? എങ്കിൽ കൗതുകകരമായ ഒന്നു കൂടി പറയാം, നാം ഇപ്പോൾ പന്നി വർഷത്തിൽ ആണ്‌ ജീവിക്കുന്നത്. അടുത്ത വർഷം എലിവർഷം ആണ്‌.


ഇനിയും കൂടുതൽ വളച്ചുകെട്ടില്ലാതെ കാര്യം പറയാം, ചൈനീസ് രാശിചക്രം (Chinese zodiac signs) അടിസ്ഥാനമാക്കിയുള്ള വിവരം ആണ്‌ മേൽ പറഞ്ഞത്. ചൈനീസ് രാശിചക്രപ്രകാരം 2019 പന്നി വർഷവും, 2020 എലി വർഷവും ആണ്‌.


ചൈനീസ് രാശിചക്രം


ചൈനീസ് വിശ്വാസമനുസരിച്ച് കാലഗണനയ്ക്കും, ആരാധനാക്രമങ്ങൾക്കും ചൈനീസ് രാശിചക്രം അടിസ്ഥാനമാക്കിയുള്ള കലണ്ടറാണ്‌ ഉപയോഗിക്കുന്നത്. ചൈനീസ് ജാതകവും, ജ്യോതിഷവിശ്വാസങ്ങളും ചൈനീസ് രാശിചക്രത്തെ അടിസ്ഥാനമാക്കിയാണ്‌ ഗണിക്കുന്നത്.


രാശിചക്രത്തിലെ ജീവികൾ


ചൈനീസ് രാശി ചക്രത്തിൽ എലി, കാള, കടുവ, മുയൽ, വ്യാളി അഥവാ മഹാ സർപ്പം, സർപ്പം, കുതിര, ആട്‌, കുരങ്ങ്, പൂവൻകോഴി, നായ, പന്നി എന്നിങ്ങനെ 12 ജീവികളാണുള്ളത്. ഒരോ ജീവിക്കും ഒരു വർഷം ആധിപത്യം ഉണ്ട്. അതായത് എലിയിൽ തുടങ്ങി പന്നിയിൽ അവസാനിക്കുന്ന രാശിചക്രം 12 വർഷം കഴിയുമ്പോൾ ആവർത്തിക്കുന്നു.


വിശ്വാസം


രാശിചക്രത്തിലെ ജീവികൾ ബുദ്ധമതവിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്രീ ബുദ്ധൻ സ്വർഗാരോഹണം ചെയ്യുന്ന സമയത്ത് ഭൂമിയിലെ എല്ലാ ജീവികളെയും തന്റെ അടുത്തേക്ക് ക്ഷണിച്ചെങ്കിലും കുറച്ചു ജീവികൾ മാത്രമേ അദ്ദേഹത്തിനടുത്തെത്തിയുള്ളൂ. തന്റെ അടുത്തെത്തിയ ജീവികളെ അദ്ദേഹം അനുഗ്രഹിച്ചുവെന്നും, രാശിചക്രത്തിന്റെ അധിപന്മാരാക്കി എന്നുമാണ്‌ വിശ്വാസം.


ചൈനീസ് ജാതകം


രാശിയിൽ വരുന്ന മൃഗങ്ങളുടെ സ്വാധീനം ഓരോ വ്യക്തിയുടെ ജീവിതത്തിലും ഉണ്ടാകുന്നു എന്നാണ്‌ ചൈനീസ് ജാതകത്തിന്റെ അടിസ്ഥാനം. ഏതു മൃഗം അധിപനായുള്ള വർഷത്തിലാണ്‌ ഒരാൾ ജനിച്ചത് എന്നതിനെ ആശ്രയിച്ചാണ്‌ ജാതകം ഗണിക്കുന്നത്.


ജാതകപ്രകാരമുള്ള ഭാഗ്യ നിർഭാഗ്യങ്ങൾ, കർമ്മഫലം, ഇവയെല്ലാം രാശിചക്രത്തിലെ മൃഗങ്ങൾക്ക് കൽപ്പിച്ചു നൽകിയിരിക്കുന്ന സ്വഭാവത്തിന്റെ അടിസ്ഥനത്തിൽ ഉണ്ടാകുന്നു എന്നാണ്‌ വിശ്വാസം. പന്നി വർഷത്തിൽ ജനിച്ചവർ സ്വതന്ത്ര്യമോഹികളും, സ്നേഹമുള്ളവരും, ഒപ്പം തന്നെ ഭൗതീകാസ്ഥികൾ നേടുന്നവരാണെന്നും വിശ്വസിക്കപ്പെടുന്നു. ഇങ്ങനെ രാശിചക്രത്തിലെ ഓരോ ജീവികൾക്കും നൽകിയിരിക്കുന്ന സ്വഭാവഗുണങ്ങൾ മനുഷ്യനെ സ്വാധീനിക്കുന്നു.


ചൈനീസ്‌ ജാതകപൊരുത്തം


രാശിപ്പൊരുത്തം കണക്കാക്കുന്നത് ഓരോ ജീവികളുമായി പൊരുത്തമുള്ള ജീവികളെ അടിസ്ഥാനമാക്കിയാണ്‌. രാശിചക്രപ്രകാരം പൂവൻ കോഴിക്ക് കാളയും പാമ്പുമായി പൊരുത്തമുണ്ട്. അതു പോലെ പന്നിയ്ക്ക് കടുവയും, മുയലും, ആടുമായി പൊരുത്തമുണ്ടെന്നും ചൈനീസ് രാശി ചക്രം പറയുന്നു.

പൊരുത്തമുള്ളവർ തമ്മിലുള്ള വിവാഹം, കച്ചവടം എന്നിവ അഭിവൃദ്ധിയുണ്ടാക്കുന്നതായി കണക്കാക്കുന്നു. രാശിചക്രത്തിന്‌ പുറത്ത് നിന്ന് കടുവയും മുയലും തമ്മിലോ, അല്ലെങ്കിൽ കടുവയും ആടും തമ്മിലോ ഒരു കച്ചവടം നടത്തിയാൽ ഫലം എന്തായിരിക്കും എന്നു ചിന്തിക്കാതിരിക്കുക.


ഇതൊരു തമാശയായി തോന്നുന്നുണ്ടോ?

ഉണ്ടെങ്കിൽ ഒന്നുകൂടി ഓർത്തു നോക്കൂ. ഭാരതീയ ജ്യോതിഷ വിശ്വാസപ്രകാരം 12 രാശികളാണുള്ളത്. ചിങ്ങം (സിംഹം), വൃശ്ചികം (തേൾ), മീനം (മത്സ്യം) തുടങ്ങി പല രാശിയുടെ അടയാളങ്ങളും ജീവികൾ തന്നെ. വിശ്വാസങ്ങൾ പല വഴി തേടുന്നു എന്നു മാത്രം.

ചൈനീസ് രാശി ചക്രത്തിലെ കുരങ്ങിനേയും പട്ടിയേയും, കോഴിയേയും ഓർത്തു നാം ചിരിക്കുമ്പോൾ ഭാരതീയ രാശിചക്രത്തിലെ തേളിനെയും, ഞണ്ടിനേയും ഒക്കെ ചൂണ്ടി അവരും ചിരിക്കുന്നുണ്ടാകും


コメント

5つ星のうち0と評価されています。
まだ評価がありません

評価を追加
bottom of page