top of page

തൃക്കാരിയൂർ മഹാദേവ ക്ഷേത്രം

  • Writer: De Kochi
    De Kochi
  • Nov 13, 2018
  • 2 min read

തൃക്കാരിയൂർ മഹാദേവ ക്ഷേത്രം

എറണാകുളം ജില്ലയിൽ നെല്ലിക്കുഴി പഞ്ചായത്തിലെ ഒരു ഗ്രാമമാണ്‌ തൃക്കാരിയൂർ. തൃക്കാരിയൂർ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്‌. കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രം പരശുരാമൻ പ്രതിഷ്ഠ നടത്തിയ അവസാനത്തെ ക്ഷേത്രമാണെന്ന് വിശ്വസിക്കപ്പെടുന്നു.

കിഴക്കോട്ട് ദർശനമായിരിക്കുന്ന ക്ഷേത്രത്തിൽ, തൃക്കാരിയൂരപ്പൻ, (പരമശിവൻ) സർവ്വരോഗ നിവാരകനായ വൈദ്യനാഥനായിട്ടാണ്‌ കുടികൊള്ളുന്നത്. തിരുവിതാം ദേവസം ബോർഡിന്റെ ഭരണത്തിലുള്ള മേജർ ക്ഷേത്രങ്ങളിൽ ഒന്നാണ്‌ തൃക്കാരിയൂർ ക്ഷേത്രം.

നടതുറക്കലും പൂജകളും

ഉദയാസ്തമയ പൂജകളും ഉച്ച പൂജയും ക്ഷേത്രത്തിൽ നടത്തി വരുന്നു. നിത്യേന 5 പൂജകളാണ്‌ ക്ഷേത്രത്തിൽ നടത്തുന്നത്. പ്രഭാതത്തിൽ സൂര്യകിരണങ്ങളെ എതിരേൽക്കുന്ന രീതിയിൽ നടത്തുന്ന ‘എതിരേറ്റു പൂജ’ (ഏതൃത്തപൂജ), നിഴിലിന്‌ 12 അടി നീളം വരുന്ന സമയത്ത് (രാവിലെ 8 മണിയോടെ) നടത്തുന്ന ‘പന്തീരടി പൂജ’, ശ്രീലകത്ത അഷ്ടഗന്ധം പുകച്ച് നടത്തുന്ന ‘തൃപ്പുക’ എന്നിവയാണ്‌ പ്രധാന പൂജകൾ.

വഴിപാടുകൾ

ജലധാരയും, വഴുതിനങ്ങ നിവേദ്യവുമാണ്‌ പ്രധാന വഴിപാടുകൾ. ഉച്ചപൂജയ്ക്കുള്ള നേദ്യമാണ്‌ വഴുതിനങ്ങ നേദ്യം. പ്രദോഷനാളിലെ മഷിയിലപ്രസാദം മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത വഴിപാടാണ്‌. പ്രദോഷ ദിനത്തിൽ ത്രിക്കാരിയൂർ ക്ഷേത്രത്തിൽ സന്ധ്യക്ക് അഭിഷേകം നടത്താറില്ല. പകരമായി ചെറിയ ഇലയിൽ നെയ്യ് കത്തിച്ചുണ്ടാക്കുന്ന കരി ഇലയിൽ പുരട്ടി ഭക്തർക്ക് പ്രസാദമായി നൽകുന്നു. ഇതാണ്‌ മഴിയില പ്രസാദം.

  1. രാവിലെ: 4.00 മണിയ്ക്ക് നട തുറക്കൽ.

  2. ഉച്ചയ്ക്ക്: 11 മണിയ്ക്ക് ഉച്ചപൂജ. തുടർന്ന് 12 മണിയ്ക്ക് ഉച്ചശീവേലി കഴിഞ്ഞ് നട അടയ്ക്കുന്നു.

  3. വൈകിട്ട്: 5.00 മണിയ്ക്ക് നട തുറക്കൽ. രാത്രി 8.30 നുള്ള തൃപ്പുക ദർശനത്തോടെ നട അടയ്ക്കുന്നു.

ഉപദേവതകൾ

ഗണപതി, വീരഭദ്രൻ, സപ്ത്മാതൃക്കൾ (ബ്രാഹ്മി, വൈശ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി എന്നിങ്ങനെ 7 ദേവതമാർ), ശ്രീധർമ്മ ശാസ്താവ്, നാഗദൈവങ്ങൾ, യക്ഷി എന്നിവരെ ഉപദേവതകളായി പ്രതിഷ്ഠിച്ചിരിക്കുന്നു. ക്ഷേത്രത്തിനു പുറത്തായി പരശുരാമ ക്ഷേത്രവും ഉണ്ട്.

ഭൂതത്താൻ കെട്ടും തൃക്കാരിയൂർ മഹാദേവനും

പെരിയാർ നദിയിലെ ഭൂതത്താൻകെട്ടും തൃക്കാരിയൂർ മഹാദേവക്ഷേത്ര വുമായി ബന്ധപ്പെട്ട് തലമുറകളായി കൈമാറി വരുന്ന ഒരു ഐതീഹ്യമുണ്ട് നാട്ടിൽ. ശിവഭക്തരായ പ്രദേശവാസികളുടെ ഭക്തിയിലും പൂജയിലും തൃക്കാരിയൂർ മഹാദേവ ക്ഷേത്രത്തിന്റെ ഖ്യാതി നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടിരുന്നു. മഹാദേവന്റെ ചൈതന്യത്താൽ നാട് അഭിവൃദ്ധിപ്പെട്ടു.

എന്നാൽ ഭൂതത്താന്മാർ അപകടം മണത്തു. പാതാളവാസികളായ തങ്ങളുടെ നിലനിൽപ്പ് ശിവചൈതന്യത്താൽ ഇല്ലാതാകുമെന്ന് ഭയന്ന അവർ ക്ഷേത്രം നശിപ്പിക്കാൻ തീരുമാനിച്ചു. പെരിയാർ നദിയിൽ അണ കെട്ടി വെള്ളപ്പൊക്കം ഉണ്ടാക്കുക. അതു വഴി തൃക്കാരിയൂർ ഉൾപ്പെടെ കോതമംഗലം പ്രദേശത്തെയാകെ വെള്ളത്തിനടിയിൽ മുക്കിക്കളയുക. ഇതായിരുന്നു ഭൂതത്താന്മാരുടെ പദ്ധതി.

രാത്രിയിൽ മാത്രം പുറംലോകത്ത് എത്തുവാനും ശക്തി പ്രകടിപ്പിക്കാനും അവസരമുണ്ടായിരുന്ന ഭൂതത്താന്മാർ ഒരു രാത്രി വനമദ്ധ്യത്തിലൂടെ ഒഴുകുന്നു പെരിയാറിനു കുറുകെ അണകെട്ടുവാൻ ആരംഭിച്ചു. തീരത്ത് കിടന്നിരുന്ന വലിയ പാറക്കല്ലുകൾ പെരിയാറിലേക്ക് എടുത്തിട്ടാണ്‌ അണ കെട്ടാൻ ആരംഭിച്ചത്. അപകടം മനസിലാക്കിയ മഹാദേവൻ പാതിരാത്രി കഴിഞ്ഞപ്പോൾ കോഴിയുടെ രൂപത്തിൽ വന്ന് കൂവിയത്രേ.

പാതിരാക്കോഴി കൂവി കഴിഞ്ഞ നേരം വീണ്ടും കോഴി കൂവൽ കേട്ടപ്പോൾ നേരം വെളുക്കാറായെന്നും വെളിച്ചം വന്നാൽ അപകടമാകുമെന്നും മനസിലാക്കിയ ഭൂതത്താന്മാർ അണ കെട്ട് പാതി വഴിക്ക് ഉപേക്ഷിച്ച് പാതാളത്തിലേക്ക് പലായനം ചെയ്തു. പിന്നീട് മഹാദേവൻ തങ്ങളെ കബളിപ്പിച്ചതാണെന്ന് തിരിച്ചറിയുകയും, അതു കൊണ്ട് തന്നെ ഭക്തർക്ക് മേൽ മഹേശ്വരനുള്ള പ്രീതി മനസിലാക്കിയ ഭൂതത്താന്മാർ പിന്നീടൊരിക്കലും അത്തരമൊരു ഉദ്യമത്തിന്‌ മുതിർന്നില്ല

എങ്ങിനെ എത്തി ചേരാം?

തൃക്കാരിയൂർ മഹാദേവക്ഷേത്രത്തിൽ എത്തിച്ചേരാൻ ഇതോടൊപ്പമുള്ള ഗൂഗിൾ മാപ്പ് ഉപയോഗിക്കുക


ഭൂതത്താൻകെട്ട് വിനോദ സഞ്ചാര കേന്ദ്രത്തെക്കുറിച്ച് കൂടുതൽ വായിക്കാം-ചിത്രങ്ങളും വീഡിയോയും കാണാം

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page