top of page
  • Writer's pictureDe Kochi

അയ്യപ്പൻമുടി- ഐതീഹ്യം ഉറങ്ങുന്ന കുന്നിൻ മുകളിൽ നിന്ന് ലോകം കാണാം

അയ്യപ്പൻമുടി

എറണാകുളം ജില്ലയിലെ പ്രധാന വാരാന്ത്യ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ഭൂതത്താൻകെട്ടിലേക്കുള്ള മാർഗമധ്യത്തിൽ ആണ്‌ അയ്യപ്പൻമുടി സ്ഥിതി ചെയ്യുന്നത്. നാടുകാണി എന്ന സ്ഥലത്തിനടുത്തുള്ള ചെമ്പിക്കോട് എന്ന ഗ്രാമത്തിലാണ്‌ അയ്യപ്പന്മുടി എന്ന വിശാലമായ കുന്നിൻപ്രദേശം സ്ഥിതി ചെയ്യുന്നത്. തികച്ചും സ്വച്ഛവും ശാന്തവുമായ ഒരിടം തന്നെയാണ്‌ അയ്യപ്പൻമുടി.

അയ്യപ്പൻമുടി ക്ഷേത്രം

ശ്രീ അയ്യപ്പന്റെ ആഗമനത്താൽ അനുഗ്രഹീതമായ കുന്ന് എന്ന നിലയിലാണ്‌ ഈ പ്രദേശത്തിന്‌ അയ്യപ്പൻമുടി എന്ന പേരുണ്ടായത്. വേട്ടക്ക് പുറപ്പെട്ട് ശ്രീ അയ്യപ്പൻ നാടുകാണിയിലെ വിശാലമായ പാറപ്പുറത്ത് രാത്രി സമയം വിശ്രമിച്ചു എന്നാണ്‌ വിശ്വാസം. അതു കൊണ്ട് തന്നെ പിന്നീട് സ്വാമി അയ്യപ്പന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രം ഇവിടെ പണി കഴിപ്പിച്ചു. അയ്യപ്പക്ഷേത്ത്രത്തോട് ചേർന്ന് തന്നെ ദേവിയുടെ ശ്രീകോവിലും ഇവിടെ ഉണ്ട്.

സമുദ്രനിരപ്പിൽ നിന്ന് 700 അടി മാത്രം ഉയരത്തിലുള്ള ക്ഷേത്രം തികച്ചും സ്വച്ഛവും ശാന്തവുമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്നു എന്നുള്ളതാണ്‌ മുഖ്യ ആകർഷണം. ശബ്ദകോലാഹലങ്ങളിൽ നിന്നും മറ്റ് പരിസ്ഥിതിമലിനീകരണങ്ങളിൽ നിന്നും ഇവിടം തീർത്തും മുക്തമാണ്‌.

Ayyappan mudi-Ernakulam-Kerala, ayyappanmudi

അയ്യപ്പൻമുടി ക്ഷേത്രത്തിൻ്റെ ആകാശ ദൃശ്യം


പൂജാ സമയം

ക്ഷേത്രത്തിൽ മാസത്തിൽ ഒരുദിനം മാത്രമാണ്‌ പൂജ നടത്തപ്പെടുന്നത്. എല്ലാ മലയാളമാസത്തിലെയും ആദ്യ ശനിയാഴ്ചയാണ്‌ ക്ഷേത്രത്തിൽ നട തുറക്കുന്നത്. രാവിലെ 6.30 മുതൽ 10.30 വരെയാണ്‌ പൂജാ സമയം.

ഇതു കൂടാതെ മണ്ഡല കാലത്തിലെ എല്ലാ ശനിയും വൈകിട്ട്‌ പൂജയും ദീപാരാധനയും നടത്തിവരുന്നു. മേടമാസത്തിലെ വിഷുത്തലേന്ന് വിഷുവിളക്കിനും ക്ഷേത്രനട തുറക്കുന്നു.

ഉത്സവം

കുംഭ മാസത്തിലെ ഉത്രം നാളിലാണ്‌ ക്ഷേത്രത്തിലെ ഉത്സവം. പ്രതിഷ്ഠാദിനമായിട്ടാണ്‌ ഉത്സവം ആഘോഷിക്കപ്പെടുന്നത്.

ക്ഷേത്രത്തിന്റെ ഫോൺ നമ്പർ

ഒരു ദിനം മാത്രം പൂജ നടത്തുന്ന ക്ഷേത്രമായത് കൊണ്ട്, പൂജകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്‌. പൂജകൾക്കും മറ്റ് ക്ഷേത്രസംബന്ധമായ വിവരങ്ങൾക്കും ഈ നമ്പറുകളിൽ ബന്ധപ്പെടുക.

+91 85476 99458

+91 98468 27260

അയ്യപ്പൻമുടി വിനോദസഞ്ചാരകേദ്രം

പ്രകൃതിയുമായി ചേർന്നുകിടക്കുന്ന പ്രദേശം എന്ന് നിലയിൽ അയ്യപ്പൻമുടി മനോഹരമായ ഒരിടം തന്നെയാണ്‌. വിശാലമായ കുന്നിന്മുകളിൽ നിന്നുള്ള കാഴ്ചയാണ്‌ പ്രധാനം. 360 ഡിഗ്രിയിലും കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന ഭൂപ്രദേശം ഒരു കാഴ്ച തന്നെയാണ്‌. മലിനമാക്കപ്പെടാത്ത പ്രകൃതിയും കിളികളുടെ കൂചനങ്ങളും സന്ദർശകരെ ആകർഷിക്കുന്നു.

അയ്യപ്പൻമുടിയിലെ മനോഹരമായ പ്രഭാതം – വീഡിയോ 


അയ്യപ്പൻമുടിയിലെ ഉദയാസ്തമയങ്ങൾ

മഞ്ഞുകാലത്ത് അയ്യപ്പൻമുടിയിൽ നിന്നുള്ള ഉദയത്തിന്റെ കാഴ്ച മനോഹരമായ ഒന്നാണ്‌. മഞ്ഞുമൂടിക്കിടക്കുന്ന താഴ്വരകളും അങ്ങകലെ മലകൾക്കപ്പുറത്ത് നിന്ന് ഉദിച്ചുയരുന്ന സൂര്യനും മികച്ച ദൃശ്യാനുഭൂതി സമ്മാനിക്കും. വൈകിട്ട് അസ്തമയവും ഇതേ സ്ഥലത്ത് നിന്ന് ആസ്വദിക്കാവുന്നതാണ്‌.

രാവിലെയും വൈകിട്ടും (അധികം വെയിൽ ഇല്ലാത്ത സമയം) സന്ദർശനത്തിന്‌ അനുയോജ്യം. മഴയില്ലാത്ത ദിവസങ്ങളിൽ, ജൂൺ മുതൽ ജനുവരി വരെയുള്ള കാലയളവിൽ സൂര്യോദയം കാണുവാൻ തിരഞ്ഞെടുക്കാവുന്നതാണ്‌.

അയ്യപ്പൻമുടി ചിത്രങ്ങൾ

എനിക്കു പകർത്താൻ കഴിഞ്ഞ ഉദയത്തിന്റെ ചിത്രങ്ങൾ ഇവിടെ ചേർത്തിട്ടുണ്ട്. മൂന്നാറിൽ 7000 അടി ഉയരത്തിലുള്ള കൊളുക്കുമലയിൽ നിന്നുള്ള സൂര്യോദയത്തിന്റെ അനുഭവത്തേക്കാൾ അധികം എനിക്ക് ആകർഷകമായി തോന്നിയത് 700 അടി ഉയരത്തിലുള്ള അയ്യപ്പന്മുടിയിൽ നിന്നുള്ള ഉദയത്തിന്റെ ദൃശ്യം തന്നെയായിരുന്നു.

മലകൾക്കും മുകളിൽ ഉദയകിരണങ്ങൾ തീർക്കുന്ന പൊൻപ്രഭയും, പടിഞ്ഞാറേ ആകാശത്തെ നീലിമയും മഞ്ഞുകാലത്ത് കാണേണ്ട കാഴ്ച തന്നെയാണ്‌. പ്രകൃതിയെ സ്നേഹിക്കുന്ന ഒരാൾക്കും ഈ കാഴ്ച വെറും ഒരു ഉദയദൃശ്യം മാത്രമായിരിക്കില്ല.

Ayyappanmudi-Sunrise-View-From-Ayyappanmudi

അയ്യപ്പൻമുടിയിലെ ഉദയസൂര്യന്റെ ദൃശ്യം


Ayyappanmudi-Sunrise-Photo-View-From-Ayyappanmudi

അയ്യപ്പൻമുടി – മഞ്ഞു മൂടിയ പ്രഭാതത്തിലെ സൂര്യോദയം


Ayyappanmudi-Sunrise-Ayyappanmudi-Heaven-of-Kothamangalam

ഉദയത്തിന്റെ പൊൻപ്രഭ – അയ്യപ്പൻമുടി


Ayyappanmudi-Morning-View-Ayyappanmudi-Mist

നീലമലകൾ, പൊൻകിരണങ്ങൾ – അയ്യപ്പൻമുടി


അയ്യപ്പൻമുടി മിൽക്കിവേ ഫോട്ടോഗ്രഫി പോയിന്റ്.

അയ്യപ്പൻമുടി മിൽക്കിവേ ഫോട്ടോഗ്രഫിക്ക് (Milky Way Photography) പറ്റിയ ഒരു കേന്ദ്രമാണ്‌. രാത്രിയിൽ ക്ഷീരപഥത്തിന്റെ (നഗ്നനേത്രങ്ങളിൽ ദൃശ്യമല്ലാത്ത നക്ഷത്രസമൂഹത്തിന്റെ മനോഹാരിത) ചിത്രങ്ങൾ പകർത്തുന്ന ഛായാഗ്രഹണ കലയാണ്‌ മിൽക്കിവേ ഫോട്ടോഗ്രഫി.

ആകാശദൃശ്യം ക്യാമറയിൽ പതിയുന്ന വിധം തുറസായ, വൈദ്യുതി വിളക്കുകളുടെ പ്രകാശത്തിന്റെ ശല്യമില്ലാത്ത പ്രദേശമാണ്‌ മിൽക്കിവേ ഫോട്ടോഗ്രഫിക്ക് അനുയോജ്യം. അയ്യപ്പൻമുടി അത്തരത്തിലുള്ള ഒരു മനോഹരമായ പ്രദേശമാണ്‌. മിൽക്കിവേ ഫോട്ടോഗ്രഫി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടം ലൊക്കേഷനായി തിരഞ്ഞെടുക്കാവുന്നതാണ്‌.

എങ്ങനെ എത്തി ചേരാം ?

അയ്യപ്പൻമുടിയിൽ എത്തിചേരാനുള്ള മാർഗം – ഗൂഗിൾ മാപ്പ്


⚠️മുന്നറിയിപ്പ്:☘️ഇക്കോ ടൂറിസം മേഖല⛔പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടു വരികയോ വലിച്ചെറിയുകയോ ചെയ്യരുത് ⛔മദ്യപാനം അനുവദനീയമല്ല ⛔കാട്ടുതീ ഉണ്ടാകുന്നതിന് കാരണമായ രീതിയിൽ പുകവലി വസ്തുക്കൾ വലിച്ചെറിയരുത് ⛔സ്വഭാവിക ആവാസവ്യവസ്ഥയിലെ ജീവജാലങ്ങൾക്ക് ഹാനികരമായ ഒരു പ്രവർത്തിയും അരുത് ⛔ചെടികൾക്കും മരങ്ങൾക്കും കേടുപാടുകൾ വരുത്തുക, ചില്ലകൾ ഒടിക്കുക, മരത്തിലും കല്ലിലും അക്ഷരങ്ങൾ/പേരുകൾ കോറിയിടുക ഇവയൊന്നും ചെയ്യരുത് ⛔മൃഗങ്ങളെ ഉപദ്രവിക്കുകയോ, അവയെ അടുത്തേക്ക് ആകർഷിക്കാൻ ശ്രമിക്കുകയോ ചെയ്യരുത് ☘️നമ്മുടെ പ്രകൃതി, അടുത്ത തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്‌, ഉത്തരവാദിത്വമാണ്‌.

©ചിത്രങ്ങളുടെ/വീഡിയോകളുടെ പകർപ്പവകാശം: ചിത്രങ്ങൾ പകർപ്പവകാശ സംരക്ഷണ നിയമത്തിന്‌ വിധേയമാണ്‌ ⚫︎ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്ന ചിത്രങ്ങൾ dekochi.com നു വേണ്ടി പകർത്തിയിരിക്കുന്നവയാണ്‌ ⚫︎ചിത്രങ്ങളുടെ അവകാശം ഫോട്ടോഗ്രാഫർക്ക് സ്വന്തമാണ്‌ ⚫︎ചിത്രങ്ങൾ അനുവാദമില്ലാതെ പകർത്തുന്നതും, ഉപയോഗിക്കുന്നതും, പ്രസിദ്ധീകരിക്കുന്നതും പകർപ്പവാകാശ സംരക്ഷണ നിയമങ്ങളുടെ ലംഘനമാണ്‌.

0 views0 comments
bottom of page