top of page
  • Writer's pictureDe Kochi

വടക്കൻ പറവൂർ – മുസിരിസ് പൈതൃക നഗരം

വടക്കൻ പറവൂർ: മുസിരിസ് പൈതൃക നഗരത്തിലെ കാഴ്ചകൾ കാണാം

വാരാന്ത്യത്തിൽ നമുക്ക് വടക്കൻ പറവൂരിലേക്ക് പോകാം, കുഴിപ്പിള്ളി ബീച്ചിലെ ചൂളമരങ്ങൾക്കിടയിലൂടെ നടക്കാം, ചെറായി ബീച്ചിലെ തിരകളിൽ മുങ്ങാം, മുനമ്പം ബീച്ചിൽ ചെന്ന് ചെമ്പരുന്തുകളോടു കുശലം പറയാം, ചരിത്രമുറങ്ങുന്ന പാലിയയത്ത് കൊട്ടാരവും, ജൂതപ്പള്ളികളും സന്ദർശിക്കാം, എന്നിട്ട് പറയാം മുസിരിസ് നഗരത്തിന്റെ പൈതൃകം ഇവിടെ ഉറങ്ങുന്നു.

വാരാന്ത്യത്തിൽ ഒരു ദിവസം ചിലവഴിക്കാൻ സമയമുണ്ടെങ്കിൽ വടക്കൻ പറവൂരിലേക്ക് പോകാം. വിനോദത്തോടൊപ്പം വിജ്ഞാനവും ഒരു പോലെ ലഭിക്കുന്ന ഒരു യാത്രയായിരിക്കും അത്. എറണാകുളം ജില്ലയിലെ പറവൂരും തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരും ചേരുന്ന പ്രദേശമാണ്‌ മുസിരിസ് ഹെരിറ്റേജ് സൈറ്റ് എന്നറിയപ്പെടുന്നത്. രണ്ടു പ്രദേശങ്ങളിലുമായി മുസിരിസ് പൈതൃകത്തിന്റെ അവശേഷിപ്പുകൾ ചിതറിക്കിടക്കുന്നു. ഈ ദേശത്ത് കാണാനും അറിയാനും ഒരുപാടുണ്ട്.

North Paravur - Muziris Heritage Site_Backwater & Coconut trees

വടക്കൻ പറവൂരിലെ ചെമ്മീൻ കെട്ട്


വടക്കൻ പറവൂർ

ചെമ്മീൻകെട്ടുകൾക്കു നടുവിലൂടെ കായൽ കാറ്റേറ്റുള്ള യാത്ര. പറവൂരിലേക്കുള്ള പ്രവേശനം അങ്ങിനെയാണ്‌. കായലിൽ ചെറുവള്ളങ്ങളിൽ വലയെറിയുന്ന മീൻ മത്സ്യത്തൊഴിലാളികൾ… ചെമ്മീൻകെട്ടുകളിലെ കാവൽ പുരകൾ… കൂട്ടത്തോടെ പറക്കുന്ന വെള്ളക്കൊറ്റികൾ… മനോഹരമായ കാഴ്ചകൾ ഇതൊക്കെയാണ്‌.

കുഴുപ്പിള്ളി ബീച്ച്

നീണ്ടു കിടക്കുന്ന കടൽത്തീരത്തിന്‌ വീതി കുറവാണ്‌. നിരനിരയായി വളരുന്ന ചൂളമരങ്ങൾ, അങ്ങെത്തെ കാണാവുന്ന കടൽതീരം. കടൽ കാണാൻ, തിരയിലിറങ്ങാൻ ഇഷ്ടമുള്ളവരെ കുഴുപ്പിള്ളി ബീച്ച് നിരാശരാക്കില്ല. അവധി ദിവസങ്ങൾ ഒഴികെയുള്ള ദിവസങ്ങളിൽ അധികം തിരക്കുണ്ടാവില്ല.

Cherai Beach_Fishing Boat, Cherai Beach

കുഴുപ്പിള്ളി ബീച്ച് – വടക്കൻ പറവൂർ


ചെറായ് ബീച്ച്

സുവർണ്ണ തീരം, അല്ലെങ്കിൽ ‘ഗോൾഡൻ ബീച്ച്’ എന്നാണ്‌ ചെറായ് ബീച്ച് അറിയപ്പെടുന്നത്. അറബിക്കടലിന്റെ രാജകുമാരി (Princess of Arabian Sea) എന്നൊരു ഓമനപ്പേര്‌ കൂടിയുണ്ട് ചെറായിക്ക്. മഴക്കാലത്തൊഴികെയുള്ള സമയത്ത് തിരക്കുള്ള ബീച്ച് ആണ്‌ ചെറായ് ബീച്ച്.

ഏകദേശം 20 കിലോ മീറ്റർ നീണ്ടു കിടക്കുന്ന തീരമാണ്‌ ചെറായ് ബീച്ചിനുള്ളത്. വൈകുന്നേരങ്ങളിൽ ഇവിടെ നിന്നുള്ള അസ്തമയം കാണാൻ നല്ല തിരക്കുണ്ടാകും. അത്ര മനോഹരമാണ്‌ അസ്തമയ ദൃശ്യം.

Cherai Beach_Tourists

ചെറായ് ബീച്ച് – ഗോൾഡൻ ബീച്ച്


മുനമ്പം ബീച്ച്

കടലിലേക്ക് തല കുമ്പിട്ട് നിൽക്കുന്ന ചീനവലകളുടെ കാഴ്ചയാണ്‌ മുനമ്പം ബീച്ചിൽ ആദ്യം കാണാനാകുക. വട്ടമിട്ടു പറക്കുന്ന ചെമ്പരുന്തുകൾ, മത്സ്യബന്ധനം കഴിഞ്ഞ് ഹാർബറിലേക്ക് മടങ്ങുന്ന കടും വർണ്ണങ്ങളിലുള്ള പെയിന്റടിച്ച മത്സ്യബന്ധന ബോട്ടുകൾ, എല്ലാം മുനമ്പം ബീച്ചിലെ സ്ഥിരം കാഴ്ചകളാണ്‌. ‘മുസിരിസ് ഗോൾഡൻ ബീച്ച്’ എന്നാണ്‌ വിനോദസഞ്ചാര ഭൂപടത്തിൽ മുനമ്പം ബീച്ച് അറിയപ്പെടുന്നത്.

Munambam Beach_Muziris Golden Beach_Chinese fishing net, Munambam Beach

മുനമ്പം ബീച്ച്- മുസിരിസ് ഗോൾഡൻ ബീച്ച്


മുനമ്പം ബീച്ച്: കൂടുതൽ ചിത്രങ്ങൾ കാണാം

പള്ളിപ്പുറം കോട്ട

പള്ളിപ്പുറം കോട്ട 1503 ൽ പോർച്ചുഗീസുകാർ നിർമിച്ച ഒരു കാവൽ നിലയമാണ്‌. കപ്പലുകളെ നിരീക്ഷിക്കുവാനുള്ള ഉദ്ദേശ്യത്തോടെ പണി കഴിപ്പിച്ച ഈ കോട്ട ഷഡ്ഭുജാകൃതിയിൽ (6 വശങ്ങൾ) ഉള്ളതാണ്‌. പള്ളിപ്പുറം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നത് കൊണ്ട് സ്ഥലനാമവും കൂടി ചേർത്ത് ഈ പേര്‌ വന്നത്.

കായലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ ലക്ഷ്യം വയ്ക്കുന്ന രീതിയിൽ പീരങ്കികൾ സ്ഥാപിക്കുന്നതിനായി ചുവരിൽ വലിയ ജാലകങ്ങൾ തീർത്തിട്ടുണ്ട്. 1663ൽ ഈ കോട്ട ഡച്ചുകാർ പിടിച്ചടക്കി. അഴീമുഖത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നതിനാൽ ‘അഴീക്കോട്ട’ എന്നൊരു പേരും ഈ കോട്ടയ്ക്ക് ഉണ്ടായിരുന്നു. ഇന്ന് പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലാണ്‌ ഈ കോട്ട.

Pallippuram fort_ North Paravur - Muziris Heritage Site, Pallippuram Fort

പള്ളിപ്പുറം കോട്ട – മുസിരിസ് ഹെറിറ്റേജ് സൈറ്റ്, നോർത്ത് പറവൂർ


പള്ളിപ്പുറം കോട്ട: കൂടുതൽ ചിത്രങ്ങൾ കാണാം

ചേന്ദമംഗലം ജൂതപ്പള്ളി

കൊച്ചി, മട്ടാഞ്ചേരിയിലെ ജൂതപ്പള്ളി കഴിഞ്ഞാൽ കേരളത്തിലെ വലിയ ജൂതപ്പള്ളിയാണ്‌ ചേന്ദമംഗലം ജൂതപ്പള്ളി. കരിങ്കല്ലും, വെട്ടുകല്ലും, മരവും ഉപയോഗിച്ചാണ്‌ ജൂതപ്പള്ളി നിർമ്മിച്ചിരിക്കുന്നത്. 14-ആം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട പള്ളി പലവട്ടം വൈദേശിക ആക്രമണങ്ങൾ ഉൾപ്പെടെ നേരിട്ടുവെന്നും, പുതുക്കി പണിതുവെന്നും ചരിത്രം പറയുന്നു. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിൻ കീഴിലാണ്‌ നിലവിൽ ഈ പള്ളി.

Chendamangalam-Jewish-Synagogue_North-Paravur, Chendamangalam Synagogue

ചേന്ദമംഗലം ജൂതപ്പള്ളി – നോർത്ത് പറവൂർ


ചേന്ദമംഗലം ജൂതപ്പള്ളി: കൂടുതൽ ചിത്രങ്ങൾ കാണാം

പറവൂർ സിനഗോഗ്

ജൂത ചരിത്ര മ്യൂസിയം എന്നറിയപ്പെടുന്ന പറവൂർ സിനഗോഗ് പറവൂർ നഗരിത്തനടുത്താണ്‌ സ്ഥിതി ചെയ്യുന്നത്. മറ്റ് ജൂതപ്പള്ളികളെ അപേക്ഷിച്ച് വിശാലമായ ചുറ്റുപാടിലാണ്‌ പറവൂർ സിനഗോഗ് പണി കഴിപ്പിച്ചിരിക്കുന്നത്. പ്രധാന മതിൽക്കെട്ടും അതിനകത്ത് മുറ്റവും പള്ളിയും അകത്തളവും മട്ടുപ്പാവും ചേരുന്നതാണ്‌ പള്ളി.

പള്ളിയുടെ പ്രവേശന വാതിലിനടുത്ത് ചുമരിൽ കല്ലിൽ കൊത്തിയ ഹീബ്രൂ ലിഖിതം ഉറപ്പിച്ചിരിക്കുന്നത് കാണാം. മരത്തിൽ തീർത്ത പ്രവേശന കവാടത്തിൽ മെസൂസ പിടിപ്പിച്ചിട്ടുണ്ട്. ഈ മെസൂസ വണങ്ങിയ ശേഷമാണ്‌ ജൂതന്മാർ പ്രാർത്ഥനക്കായ് സിനഗോഗിൽ പ്രവേശിച്ചിരുന്നത്. മരത്തിൽ തീത്ത മേൽക്കൂരയും മട്ടുപ്പാവും എല്ലാം തനതു കേരള ശൈലിയിൽ നിർമ്മിച്ചിരിക്കുന്നവയാണ്‌.

Paravur Synagogue - Kerala Jews History Museum

പറവൂർ ജൂതപ്പള്ളി – കേരളം ജ്യൂവിഷ് ഹിസ്റ്ററി മ്യൂസിയം


പറവൂർ ജൂതപ്പള്ളി: കൂടുതൽ ചിത്രങ്ങൾ കാണാം

പാലിയം കൊട്ടാരം

പാലിയത്തച്ചന്റെ കൊട്ടാരം ഉൾപ്പെടുന്ന മ്യൂസിയമാണ്‌ കാണാനുള്ള മറ്റൊരു കാഴ്ച. സ്ത്രീകൾ താമസിച്ചിരുന്ന ഒരു കൊട്ടാരവും, പാലിയത്തച്ചന്റെ കോട്ടാരവും അടുത്തടുത്ത് തന്നെയാണ്‌. വിശാലമായ കൊട്ടാരത്തിൽ പല പുരാവസ്തുക്കളും സൂക്ഷിച്ചിട്ടുണ്ട്.

പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള മ്യൂസിയത്തിൽ കാഴ്ചകളും ചരിത്രവും വിവരിച്ചു തരുവാൻ ജീവനക്കാരുണ്ട്. ചരിത്രം വിവരിക്കുന്ന ഒരു വീഡിയോ ഡൊക്യുമെന്ററിയുടെ പ്രദർശനത്തിനു ശേഷമാണ്‌ എല്ലായിടവും കാണാനുള്ള അവസരം നൽകുന്നത്. അതു കൊണ്ട് തന്നെ കാര്യങ്ങൾ വ്യക്താമായി മനസിലാക്കാൻ സാധിക്കും.

Paliam Nalukettu Museum_North Paravur, Paliam Nalukettu Museum

പാലിയം നാലുകെട്ട് മ്യൂസിയം – വടക്കൻ പറവൂർ


പാലിയം നാലുകെട്ട്: കൂടുതൽ ചിത്രങ്ങൾ കാണാം

0 views0 comments
bottom of page