top of page
Writer's pictureDe Kochi

നേര്യമംഗലം പാലം – ഹൈറേഞ്ചിന്റെ കവാടം

നേര്യമംഗലം പാലം – ഹൈറേഞ്ചിന്റെ കവാടം

ഹൈറേഞ്ചിന്റെ കവാടം എന്ന വിശേഷണത്തിൽ അറിയപ്പെടുന്ന നേര്യമംഗലം പാലം ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആർച്ച് പാലങ്ങളിൽ ഒന്നാണ്‌. കൊച്ചി – ധനുഷ്കോടി ദേശീയപാതയിലൂടെ മൂന്നാറിലേക്കുള്ള പ്രധാനമാർഗത്തിലാണ്‌ നേര്യമംഗലം പാലം.

ചരിത്രം

കൊല്ലവർഷം 1099ൽ (ക്രിസ്തുവർഷം 1924) കേരളത്തിൽ ഉണ്ടായ മഹാപ്രളയത്തിൽ കൊച്ചിയിൽ നിന്ന് തട്ടേക്കാട് വഴി മൂന്നാറിലേക്കുള്ള പാത മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും പൂർണ്ണമായും തകർന്നു പോയി. 99ലെ പ്രളയം എന്ന് ചരിത്രം രേഖപ്പെടുത്തിയ പ്രകൃതിക്ഷോഭത്തിൽ കേരളത്തിന്റെ ഭൂപ്രകൃതി മാറ്റിയ സംഭവങ്ങളിൽ ഒന്നായിരുന്നു കൊച്ചി മൂന്നാർ പാതയുടെ തകർച്ച.

ഇതേത്തുടർന്ന് മൂന്നാറിൽ നിന്ന് കൊച്ചിയിലേക്കുള്ള സുഗന്ധ വ്യഞ്ജനങ്ങളുടെ കച്ചവടം തടസപ്പെട്ടു. തകർന്ന പാതയ്ക്കു പകരം പുതുതായി മറ്റൊരു മാർഗം നിർമിക്കാൻ തിരുവിതാംകൂർ മഹാറാണി സേതു ലക്ഷ്മിഭായിയുടെ ഉത്തരവ് ഉണ്ടായി. അങ്ങനെ ആലുവ മുതൽ മൂന്നാർ വരെ പുതിയ പാതയ്ക്കുള്ള സഥലം കണ്ടെത്തി. പുതിയ പ്ളാൻ അനുസരിച്ച് പെരിയാറിനു കുറുകെ നേര്യമംഗലത്ത് പാലം പണിയേണ്ടതായി വന്നു.

മഴക്കാലത്ത് പെരിയാറിൽ ഉണ്ടായേക്കാവുന്ന ശക്തമായ ഒഴുക്ക് കണക്കിലെടുത്ത്, പാലത്തിന്‌ വെള്ളത്തിന്റെ ശക്തിയെ അതിജീവിക്കാനായി കമാനാകൃതി നൽകുകയാണുണ്ടായത്. 1924 ൽ ആരംഭിച്ച നിർമ്മാണ പ്രവൃത്തികൾ ഏകദേശം പത്ത് വർഷം കൊണ്ടാണ്‌ പൂർത്തിയായത്. 1935 മാർച്ച് 2 ന്‌ ഗതാഗതത്തിനായി പാലം തുറന്ന് കൊടുത്തു.

Neriamangalam-Arch Bridge - Ernakulam - Kerala

നേര്യമംഗലം പാലത്തിന്റെ ആകാശ ദൃശ്യം


റാണിക്കല്ല്

മഹാറാണി സേതു ലക്ഷ്മിഭായിയുടെ പേരിലാണ്‌ നേര്യമംഗലം പാലം അറിയപ്പെടുന്നത്. മൂന്നാറിലേക്കുള്ള മാർഗമദ്ധ്യേ, പാലം കടന്നാൽ റൊഡിന്റെ ഇടത് വശത്തായി സ്ഥാപിച്ചിരിക്കുന്ന ഒരു ശിലാലിഖിതം കാണാം. ഇതാണ്‌ റാണിക്കല്ല്. പാലത്തിന്റെ പണി ആരംഭിച്ചതിന്റെയും തുറന്നു കൊടുത്തതിന്റെയും വിവരങ്ങൾ ഇതിൽ ആലേഖനം ചെയ്തിട്ടുണ്ട്.

റാണി ലക്ഷ്മിഭായിയുടെ പേര്‌ ആലേഖനം ചെയ്തിരിക്കുന്ന ഈ നിർമ്മിതി റാണിക്കല്ല് (Queen’s Rock) എന്ന അറിയപ്പെടുന്നു. ഹൈറേഞ്ചിലേക്കുള്ള യാത്രയിലുള്ള ആദ്യത്തെ ഹെയർപിൻ വളവ് റാണിക്കല്ല് സ്ഥാപിച്ചിരിക്കുന്നിടത്താണ്‌.

Ranikkallu - Queen’s-Rock - Neriamangalam-Bridge-Gateway-to-Highranges

വിവരങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന ശിലാഫലകം – റാണിക്കല്ല് (Queen’s-Rock)


കുരങ്ങുകളുടേയും, മലയണ്ണാന്റേയും (മലബാർ ജയന്റ് സ്ക്വരൽ)വിഹാര കേന്ദ്രമാണ്‌ ഈ പ്രദേശം.

എങ്ങിനെ എത്തിച്ചേരാം?

നേര്യമംഗലത്ത് എത്തിച്ചേരാൻ ഇതോടൊപ്പമുള്ള ഗൂഗിൾ മാപ്പ് ഉപയോഗിക്കുക


©ചിത്രങ്ങളുടെ പകർപ്പവകാശം: ചിത്രങ്ങൾ പകർപ്പവകാശ സംരക്ഷണ നിയമത്തിന്‌ വിധേയമാണ്‌ ⚫︎ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്ന ചിത്രങ്ങൾ dekochi.com നു വേണ്ടി പകർത്തിയിരിക്കുന്നവയാണ്‌ ⚫︎ചിത്രങ്ങളുടെ അവകാശം ഫോട്ടോഗ്രാഫർക്ക് സ്വന്തമാണ്‌ ⚫︎ചിത്രങ്ങൾ അനുവാദമില്ലാതെ പകർത്തുന്നതും, ഉപയോഗിക്കുന്നതും, പ്രസിദ്ധീകരിക്കുന്നതും പകർപ്പവാകാശ സംരക്ഷണ നിയമങ്ങളുടെ ലംഘനമാണ്‌.

2 views0 comments
bottom of page