ചീയപ്പാറക്കുത്ത് – ആകാശത്തു നിന്ന് ഭൂമിയിലേക്ക് ഒരു പളുങ്കു മഴ
ചീയപ്പാറ കുത്ത് കണ്ടിട്ടുണ്ടോ? കൊച്ചി – ധനുഷ്കോടി പാതയിലൂടെ മൂന്നാറിലേക്ക് സഞ്ചരിച്ചിട്ടുണ്ടെങ്കിൽ ചീയപ്പാറ (Cheeyappara Waterfalls) കാണാതെ പോകാനാകില്ല. ഈ വെള്ളച്ചാട്ടത്തിന് മുകളിലൂടെയാണ് ഒരു തരത്തിൽ മൂന്നാറിലേക്ക് യാത്ര ചെയ്യാനാകുക.
മൂന്നാറിലേക്കുള്ള യാത്രയിൽ ദേശീയപാതയുടെ ഇടതു വശത്തെ മലയിൽ നിന്ന് താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടം, റോഡിന്റെ അടിയിലൂടെ കടന്നു പോകുന്ന തുരങ്കം വഴി റൊഡിന്റെ മറു വശത്തെ വനത്തിന്റെ ആഴത്തിലേക്ക് പതിക്കുന്നു. ഇതു തന്നെയാണ് ചീയപ്പാറക്കുത്തിന്റെ മനോഹാരിതയും. ആകാശത്തു നിന്ന് പാറയിലൂടെ പളുങ്കുകൾ ഊർന്നിറങ്ങി വരുന്നതു പോലെയാണ് ഈ വെള്ളച്ചാട്ടത്തിന്റെ ദൃശ്യം.
ശക്തമായ ഒഴുക്കില്ലാത്ത വെള്ളച്ചാട്ടമാണ് ചീയപ്പാറ. വർഷം മുഴുവൻ ജീവനുള്ള ഒരു വെള്ളച്ചാട്ടവും അല്ല ചീയപ്പാറക്കുത്ത്. ഇടവപ്പാതി പെയ്യുന്നതോടെ ജീവൻ വയ്ക്കുന്ന ചീയപ്പാറ വേനലിൽ ഫെബ്രുവരി മാർച്ച് മാസത്തോടെ നിർജ്ജീവമാകുന്നു.
ചീയപ്പാറ വെള്ളച്ചാട്ടം : അടിമാലി – മൂന്നാർ റോഡ്
സെൽഫി പോയിന്റ്
മൂന്നാറിലേക്കുള്ള യാത്രയിലെ മികച്ചൊരു സെൽഫി പോയിന്റാണ് (Selfie Point) ചീയപ്പാറക്കുത്ത്. മഴക്കാലത്ത് ഒഴികെ, ശക്തിയായ ഒഴുക്കില്ലാത്തതിനാൽ വെള്ളച്ചാട്ടത്തിന് അടുത്തു വരെ ചെല്ലാൻ കഴിയും. എങ്കിലും സൂക്ഷിച്ചില്ലെങ്കിൽ വഴുക്കുള്ള പാറ അപകടം സംഭവിക്കാൻ കാരണമായേക്കും.
വ്യാപാരികൾ
വെള്ളച്ചാട്ടത്തിന്റെ പരിസരത്തായി, പഴങ്ങളും, ശീതളപാനീയങ്ങളും, കരകൗശല വസ്തുക്കളും വിൽക്കുന്ന ചെറിയ കടകൾ ഉണ്ട്. ഗതാഗതത്തിന് തടസമാകാത്ത വിധത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെ ഉണ്ട്. അതു കൊണ്ട് തന്നെ സഞ്ചാരികൾക്ക് വെള്ളച്ചാട്ടത്തിന്റെ ഭംഗി അടുത്ത് കണ്ട് ആസ്വദിക്കാം.
ചീയപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തുള്ള ചെറു കടകൾ
വാളറക്കുത്ത്
ചീയപ്പാറക്കുത്തിന് അടുത്തു തന്നെയായി, ദേശീയപാതയിൽ അൽപ്പം മുന്നോട്ട് പോയാൽ വാളറക്കുത്ത് (Valara Waterfalls) എന്ന രണ്ടാമത്തെ വെള്ളച്ചാട്ടം കാണാം. മൂന്നാറിലേക്ക് പോകുമ്പോൾ റോഡിന്റെ വലതുഭാഗത്തായിട്ടാണ് ഈ വെള്ളച്ചാട്ടം. റോഡിനോട് അത്ര ചേർന്നായിട്ടല്ല ഈ ചെറിയ വെള്ളച്ചാട്ടം.
വാളറ വെള്ളച്ചാട്ടം : അടിമാലി – മൂന്നാർ റോഡ്
വാളറക്കുത്തും ചീയപ്പാറക്കുത്ത് പോലെ തന്നെ വർഷം മുഴുവൻ ജീവനുള്ള ഒരു വെള്ളച്ചാട്ടം അല്ല. ഇടവപ്പാതി പെയ്യുന്നതോടെ ജീവൻ വയ്ക്കുന്ന വാളറക്കുത്ത് വേനലിൽ ഫെബ്രുവരി മാർച്ച് മാസത്തോടെ നിർജ്ജീവമാകുന്നു.
വാളറക്കുത്തിനടുത്ത് പാർക്കിംഗ് സൗകര്യം ഇല്ലാത്തതിനാൽ തന്നെ ഈ വെള്ളച്ചാട്ടത്തിന്റെ ദൃശ്യംഭംഗി അടുത്തു കാണുന്നതിനായി സഞ്ചാരികൾ സമയം ചിലവഴിക്കാറില്ല.