കീഴറ കൂലോം ഭഗവതി ക്ഷേത്രം
മലബാറിലെ അനുഷ്ഠാന കലയായ തെയ്യം വിവിധ കാവുകളിൽ ക്ഷേത്രങ്ങളിൽ വിവിധ രീതിയിലാണ് അവതരിപ്പിക്കപ്പെടുന്നത് എന്നാണ് കേട്ടിരിക്കുന്നത്. കീഴറ കൂലോം ക്ഷേത്രത്തിലാണ് അനുഷ്ഠാനത്തിന്റെ അർപ്പണത്തിന്റെയും നിറക്കൂട്ടുകൾ ഒന്നിച്ച തെയ്യം കണ്ടത്. കോവിലകം എന്നതിന്റെ പ്രാദേശിക പദമാണ് കൂലോം.
കണ്ണൂർ ടൗണിൽ നിന്ന് ഏതാണ്ട് 20 കിലോമീറ്റർ അകലെയാണ് ചെറുകുന്ന് ശ്രീ കീഴറ കുലോം ഭഗവതി ക്ഷേത്രം. അഞ്ചു മുതൽ പത്തു ദിവസം വരെ നീണ്ടു നിൽക്കുന്ന കളിയാട്ട മഹോത്സവമാണ് ഇവിടെ നടക്കുന്നത്.
മലകിടാരൻ, വെള്ളാട്ടം പുലയൂര് കണ്ണൻ, വേട്ടച്ചേകോൻ, വയനാട്ടുകുലവൻ, ദൈവച്ചേകോൻ, വേട്ടച്ചേകോൻ, വേട്ടക്കൊരുമകൻ, മലകിടാരൻ, തായ് പരദേവത – ക്ഷേത്രപാലൻ തുടങ്ങി പത്തോളം തെയ്യങ്ങൾ ഈ ദിവസങ്ങളിൽ കെട്ടിയാടുന്നു.
ശ്രീ കീഴറ കുലോം ഭഗവതി ക്ഷേത്രം – ചെറുകുന്ന്, കണ്ണൂർ
ഇളംകോലം – പരദേവത, ക്ഷേത്രപാലൻ
ഇളംകോലം തെയ്യത്തിന്റെ അവതരണമാണ് എടുത്ത് പറയേണ്ടത്. അവതരണം കൊണ്ടും, ചടങ്ങുകൾ കൊണ്ടും കാഴ്ചക്കാരെ വിസ്‍മയിപ്പിക്കുന്നതാണ് ഇളംകോലം – പരദേവത, ക്ഷേത്രപാലൻ തെയ്യങ്ങൾ.
മീനമൃത് എഴുന്നള്ളത്ത്
മീനമൃത് എഴുന്നള്ളത്ത് ആയിരുന്നു ആദ്യ ചടങ്ങ്. ഒരു ദണ്ഡിന്റെ ഇരുവശത്തും കോർത്തിട്ട മത്സ്യവുമായി ചെണ്ടയുടേയും മറ്റ് വാദ്യമേളങ്ങളുടേയും നാട്ടുകാരുടേയും അകമ്പടിയോടെ കൈക്കാരിൽ ഒരാൾ ക്ഷേത്രത്തിലേക്ക് എത്തുന്നു.
അതിവേഗത്തിലാണ് മത്സ്യം വഹിക്കുന്ന ആളുടേയും ഒപ്പമുള്ളവരുടേയും നടത്തം. തെയ്യം കെട്ടലുമായി ബന്ധമുള്ള ചടങ്ങ് എന്ന് രീതിയിൽ മാത്രമാണ് മത്സ്യം ക്ഷേത്രത്തിലേക്ക് എത്തിക്കുന്നത്. സാധാരണ ക്ഷേത്രങ്ങളിലേതു പോലെ തന്നെ ചുറ്റമ്പലത്തിനകത്ത്, മത്സ്യമാംസാദികൾ വിലക്കിയിരിക്കുന്ന അമ്പലം തന്നെയാണ് കൂലോം ഭഗവതി ക്ഷേത്രവും.
അരി ഏറിയാൻ പോകൽ
മത്സ്യം ക്ഷേത്രത്തിൽ എത്തിക്കുന്നതോടെ ക്ഷേത്രത്തിൽ നിന്ന് തന്ത്രി അരിയെറിയൽ ചടങ്ങിന് പുറപ്പെടുന്നു. ക്ഷേത്രത്തിന്റെ നാലു ദിക്കുകളിലുള്ള നാല് തറവാടുകളിൽ ചെന്ന് അരിയും പൂവും വിതറുക എന്നതാണ് ചടങ്ങ്. അരിയെറിയാൻ പുറപ്പെടുമ്പോൾ മാത്രമാണ് തെയ്യം കലാകാരന്മാരുടെ മുഖത്തെഴുത്ത് ആരംഭിക്കുക.
അരിയെറിയാൻ പോകുന്ന തന്ത്രി തിരിച്ചു വരുന്നതിന് മുൻപ്, നിശ്ചിത സമയത്തിനുള്ളിൽ തന്നെ തെയ്യം ഒരുങ്ങിക്കഴിഞ്ഞിരിക്കണം. ഇതാണ് ചടങ്ങ്. അരിയെറിയാൻ പോകുന്നയാൾ ഓടിയാണ് പോകുക. എതാണ്ട് 2 കിലോമീറ്റർ ദൂരത്തിൽ കൂടുതൽ പോയി വരേണ്ടതുണ്ട്. എങ്കിലും തെയ്യത്തിന്റെ ഒരുക്കവും തകൃതിയായി തന്നെയാണ് നടക്കുക.
തെയ്യം കെട്ടിയൊരുക്കൽ
ഒന്നിലധികം കലാകാരന്മാർ ചേർന്നാണ് തെയ്യം കലാകാരന്റെ മുഖത്തും ദേഹത്തും ചമയം ഇടുന്നതും, ഉടുത്തുകെട്ടുകൾ അണിയിക്കുന്നതും. തെയ്യത്തിന്റെ മുടി (കിരീടം) ഒഴികെ ബാക്കിയെല്ലാം പൂർത്തിയാക്കുന്നു.
ദൈവത്തിലേക്കുള്ള പരിണാമം – ചമയമിടൽ
തെയ്യത്തിന്റെ ഉടുത്ത്കെട്ട് അണിയിക്കുന്നവർ
ഒരുക്കത്തിന്റെ അവസാനഘട്ടം
ഭരദേവതയുടെ ചിലമ്പ്
അരിയെറിയാൻ പോയ തന്ത്രി തിരികെ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ഉടനെ തെയ്യത്തിന്റെ മുടി തലയിലേക്ക് എറിഞ്ഞു കൊടുക്കുന്നു. ഇത് നിലത്ത് വീഴാതെ കൃത്യമായി തലയിൽ തന്നെ പിടിച്ചു വയ്ക്കണം.
മുടി കൃത്യമായി തലയിൽ ഏറ്റാൻ സഹായികൾ ജാഗരൂകരായിരിക്കണം. ഇങ്ങിനെ മുടിയേറ്റിക്കൊണ്ട് തന്നെ തെയ്യം ചുവടു വയ്ക്കാൻ ആരംഭിക്കുന്നു. തുടർന്ന് ഒന്നര മണിക്കൂറിനടുത്ത് തെയ്യം അവതരിപ്പിക്കപ്പെടുന്നു.
ഇളംകോലം പരദേവതയും ക്ഷേത്രപാലനും
ചടുല വേഗത്തിലാണ് ഈ ആചാരങ്ങളെല്ലാം നടത്തെപ്പെടുന്നത് എന്നതാണ് വിസ്മയിപ്പിക്കുന്ന കാര്യം. ഇതാണ് ചെറുകുന്ന് ശ്രീ കീഴറ കൂലോം ഭഗവതി ക്ഷേത്രത്തിലെ തെയ്യം അവതരണത്തിന്റെ പ്രത്യേകത.
അനുഭവം
2018 ൽ ചെറുകുന്ന് ശ്രീ കീഴറ കുലോം ഭഗവതി ക്ഷേത്രത്തിൽ നടന്ന കളിയാട്ട മഹോത്സവത്തിൻ്റെ അവസാന ദിവസങ്ങളിലാണ് അവിടെ എത്താൻ കഴിഞ്ഞത്. അന്ന് നേരിൽ കണ്ടറിഞ്ഞ വിശേഷങ്ങളും ©ചിത്രങ്ങളുമാണ് ഇവിടെ ചേർത്തിരിക്കുന്നത്.